ഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്.. 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' ഓണത്തെ കുറിച്ച് നാം സംസാരിക്കുമ്പോഴൊക്കെ സമത്വ സുന്ദരമായ ഭൂതകാലത്തെ ഗൃഹാതുരതയോടെ വിവരിക്കുക പതിവാണ്. എന്നാൽ, കാല്പനികമായി നാം പറഞ്ഞു കൂട്ടുന്നതൊക്കെയും വാസ്തവമാണോ? ആയിരിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഭാഷയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന ചില ശൈലികളും പഴഞ്ചൊല്ലുകളും. നാമിന്ന് ആഘോഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതുപോലെ, ഓണം ആഘോഷിക്കുകയോ, എന്തിന്, ഓണത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ജനവിഭാഗങ്ങളും പഴയകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. 'ഓണം കേറാമൂല' എന്നാണ് അത്തരം സ്ഥലങ്ങളെ ശൈലിയിലൂടെ ഭാഷ അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന്‍റെ വർണ്ണാഭകളില്‍ നിന്നകന്ന്, വെളിച്ചപ്പെടാത്ത ഒറ്റപ്പെട്ട...